രാവിലെ മൂടല്‍മഞ്ഞാണെട്ടാവും മണി വെയി
ലെത്തു വാന്‍, സദാ സ്വപ്നമല്ലാതെ പണിയൊന്നു
മില്ലെനിക്കിതിനിടെ കടങ്ങള്‍ കടന്നേറി
നേര്‍വഴികളെയൊക്കെ വളഞ്ഞ വഴിയാക്കി.
ജ്ഞാനത്തില്‍ സമുന്നതന്‍ ചങ്ങാതിയൊരുത്തനെന്‍
സര്‍വ്വപാപവും കാലാകാലങ്ങള്‍ തോറും പൊറു
ത്തെന്നെയും കൂട്ടി തന്‍റെ കൂട്ടത്തില്‍ വസിക്കുവാന്‍.
ആദ്യം ഞാനവന്നൊപ്പം കൂടിയയിരുട്റ
(വാടകയ്ക്കൊരു മുറി) യ്ക്കടുത്ത് കാടിന്‍ ഹൃത്തില്‍
നിന്നുറവെടുത്തെത്തും പാട്ടുകാരനാമൊരു
പാറത്തോടത്തില്‍ നിത്യം നീരാട്ടിനെത്തും കന്യാ
രത്നങ്ങള്‍ (പുലര്‍ക്കണിക്കൊന്നകള്‍ പൂമേനികള്‍)
സ്വര്‍ണ കുംഭങ്ങള്‍ മുഖചന്ദ്രിക മഹാനന്ദ
ലബ്ധിക്കു മറ്റെന്തിനി വേണമെന്‍ കലികാല
മങ്ങനെ കിനാക്കളിലൊഴുകി നടക്കുമ്പോള്‍
എത്തുന്നു മലയുടെ നിറുക പിളര്‍ന്നൊരു
പ്രളയം, അതിന്നൊപ്പം കൂട്ടുകാര്‍ ഗുമസ്തന്മാര്‍
മുടക്കീ പണി, കാര്യം ശമ്പളപരം പുണ്യം
സമരം സമാരാധ്യം തുടരുന്നനിശ്ചിതം.
കടയില്‍ പറ്റേറെയായ്, അങ്ങോട്ടു പോകാതായി.
വേല ചുറ്റലായെന്‍റെ വേല നിത്യവും, മഴ
കൊണ്ടു കൊണ്ടെത്തീ ഗുഹയ്ക്കുള്ളില്‍ ഞാന്‍ ,മഴയാണ്
രാപ്പകല്‍, പുലര്‍ക്കണിക്കൊന്നകള്‍ കാണ്മാനില്ല
തൊണ്ട പൊട്ടിച്ചും കൊണ്ടു കാട്ടു തോടലറുന്നു
നരകമെന്നാണെന്‍റെ സുഹൃത്താം മഹാജ്ഞാനി
വാടകമുറിക്കൊരു പേരു നല്‍കിയതവന്‍
വേറൊരു മുറിയെടുത്തങ്ങോട്ടു മാറ്റീ വാസം.
അവന്‍റെ നിഴല്‍ പോലെ ഞാനുമെത്തുന്നു കൂടെ
പിന്നെയും തുടരുവാന്‍ തെണ്ടലുമലച്ചിലും.
ഒടുവില്‍ നദീതീരത്തെത്തി ഞാന്‍, നിരക്ഷര
സുന്ദരര്‍ മഹാകായര്‍ വസിക്കും കുടില്‍ക്കാട്ടില്‍.
അവിടെ മഹാകായര്‍ ഗുരുവായെന്നെ വരി
ച്ചക്ഷരം പഠിക്കുന്നു നിത്യവും ക്ഷമാഹീനം.
വെള്ളിയാഴ്ചകള്‍ തോറും പള്ളിക്കൂടമോ ശൂന്യം
അന്നാണ് തിയ്യേറ്ററില്‍ സിനിമ മാറും ദിനം.
ആദ്യനാള്‍ പള്ളിക്കൂടം നിറയെയിരുന്നവര്‍
പൂര്‍ണചന്ദ്രനെപ്പോലെന്‍ മനസ്സില്‍ കുളിര്‍ കോരി.
പൌര്‍ണമി കഴിഞ്ഞതും കൃഷ്ണപക്ഷമാ
യിതളോരോന്നായ്ക്കൊഴിഞ്ഞമാവാസിയാ
ഗുരുവും കേടാറായ വിളക്കും മാത്രം ബാക്കി.
തുടര്‍ന്നു ഞാനാം ഗുരു (തുടരാതിരിക്കുവാന്‍
പറ്റുമോ) ഭിക്ഷാടനം, സുന്ദരം സുരോചിതം.
അങ്ങനെയെത്തിച്ചേര്‍ന്നു വിസ്തൃതസമാന്തര-
പാഠശാലയില്‍, ദേവകന്യമാര്‍ വിരാജിക്കും
മോഹനവിഹാരത്തി,ലവിടെയനവധി
ഗുരുക്കല്‍ക്കൊപ്പം ഞാനും കളരി നടത്തുന്നു.
ശിഷ്യരാണെങ്കില്‍ നിത്യം ഗുരുവിന്‍ നെഞ്ചത്തല്ലേല്‍
കളരിപ്പുറ,ത്തതില്‍ക്കൂടുതല്‍ പ്രതീക്ഷിക്ക
വയ്യല്ലോ സമാന്തര സുന്ദരവിഹാരത്തില്‍..
അങ്ങനെ ദിനസരി നീങ്ങവേ യഥാകാലം
വരവായ് സുഗന്ധിയാം വസന്തം പൂവമ്പുമായ്.
(അമ്പു കൊള്ളാത്തവീരരാരുണ്ടു സമാന്തര
ഗുരുക്കള്‍ തന്‍ കൂട്ടത്തില്‍? ) ഞാനാരു വേറിട്ടവന്‍?
ഞാനെന്‍റെ തനിനിറം കാട്ടുന്നു ഹൈമവതി
യൊത്തു ഞാന്‍ മഹാവനം പൂകുന്നു വാത്സ്യായനന്‍
തന്നൊരു പാഠങ്ങളും പാഠഭേദവും കൊണ്ടു
വസന്തം കെങ്കേമമായ്, നാട്ടിലോ പാട്ടായെല്ലാം .
ഒരു നാള്‍ സമാന്തരസ്വര്‍ഗത്തിന്‍ മഹേന്ദ്ര നു-
മറിഞ്ഞു മഹാവനേ ശിവപാര്‍വതീസംഗം
നടന്ന സമാചാരം സാമാന്യം വിശദമായ്.
കേളികൊട്ടായി, പുറപ്പാടുമായ് (വെളുപ്പിനു
തലയില്‍ മുണ്ടിട്ടു ഞാന്‍ പിന്നെയും പെരുവഴി
പൂകുമ്പോള്‍ ബാബേലിലെ ഗോപുരം തകര്‍ന്നെന്‍റെ
കൂട്ടുകാര്‍ പലവഴി പിരിഞ്ഞു ബഹുഭാഷാ
പ്രസ്ഥാനം തുടങ്ങുന്നു... കാവ്യത്തിന്‍ പ്രളയമായ്.
വീണ്ടും ഞാന്‍ തനിച്ചായി, കൂട്ടിനു നിഴല്‍ മാത്രം..
നിഴല്‍ പിന്നിരുട്ടായി, ഇരുട്ടോ വെളിച്ചമായ്.
വെളിച്ചം വേനല്ക്കാലമായി ഞാന്‍ വെള്ളം കിട്ടാ
തുഴലും മൃഗമായി (പിന്നെയും മൃഗതൃഷ്ണ) .
ഒരു നാള്‍ നോക്കുമ്പോഴുണ്ടുള്ളിലെ കണ്ടം വിണ്ടു
പൊട്ടുകയാണ്, മഴ വന്നേക്കുമെന്നെങ്കിലും.
ഋഷിതന്‍ വേഷം കെട്ടല്‍ പിന്നീടുമാകാമല്ലോ
കൈക്കോട്ടുമെടുത്തുഞ്ഞാന്‍ തുടങ്ങി കൃഷിപ്പണി..
വിതയ്ക്കാറാവും വരെ ഇനിയീ വേനല്‍ക്കണ്ടം
കിളച്ചേയടങ്ങു ഞാന്‍, വേനലില്‍ മുഴുകി ഞാന്‍..