Saturday, January 29, 2011

Anchumalappaara (poem by s.salimkumar)

അഞ്ചുമലപ്പാറ

അഞ്ചുമലപ്പാറ നല്ല പാറ
ആണ്ടവന്‍ വാഴുന്ന വലിയ പാറ
നില്ക്കുകയാണൊരു വമ്പനാന
കട്ടിക്കറുമ്പനാം കൊമ്പനാന
പഞ്ച ഭൂതങ്ങള്‍ക്കും നാഥനായി
പാറാവു നില്ക്കുകയാണു പാറ ..
തേവരൊടിമറഞ്ഞാനയായി
ആനയനങ്ങാതെ നില്‍പ്പുമായി .

അന്തിക്കുതേവരും തേവിമാരും
പറയറഞ്ഞാടുന്നു പാറ മേലെ
കോലങ്ങലേറ്റിക്കരിമുകിലോ
പടയണി തുള്ളുന്നു പാറമേലെ.
അഞ്ചുമലപ്പാറ ദൈവപ്പാറ
നെഞ്ചകത്തന്‍പു നിറഞ്ഞ പാറ
ഉണ്ടായ നാള്‍ തൊട്ടിതു വരേയ്ക്കും
എന്തെല്ലാം കാഴ്ചകള്‍ കണ്ടു കാണും ?

മാനുഷരില്ലാത്ത പഴയ കാലം
കാടും മൃഗങ്ങളുമായ കാലം
കാടന്മാര്‍ മക്കള്‍ കിഴങ്ങു മാന്തി
പച്ചയ്ക്കുതിന്ന പഴയ കാലം.
കാട്ടുമൃഗങ്ങളെ വേട്ടയാടി
ചുട്ടു ഭുജിച്ചു നടന്ന കാലം
പച്ചില ത്തൂപ്പു പറിച്ചു കെട്ടി
നാണം മറച്ചു മുതിര്‍ന്ന കാലം
കല്ലുകൊണ്ടായുധം തീര്‍ത്ത കാലം.

വില്ലുകൊണ്ടമ്പു തൊടുത്ത കാലം
കോടാലി കൊണ്ട് മരം മുറിച്ചു
വീടുകള്‍ തീര്‍ത്ത പുതിയ കാലം
ആളുകള്‍ ഗോത്രം തിരിഞ്ഞ കാലം
ഗോത്രങ്ങള്‍ തമ്മിലിടഞ്ഞ കാലം
പാറമേല്‍ ത്തേവരിരുന്ന കാലം
കാടു തെളിഞ്ഞു നാടായ കാലം .

തേവര്‍ക്കു നാടു കിടച്ച കാലം
നാട്ടുകാര്‍ തങ്ങളില്‍ത്തച്ച കാലം
പാറ മേലുള്ള കുളം നിറച്ചും
മീനുകള്‍ വന്നു പുളച്ച കാലം
കാലം തികഞ്ഞു പരി ണതിയാല്‍
മീനുകള്‍ പുല്ലായ് കിളിര്ത്തകാലം .

പുറ്റുപിടിച്ച മനസ്സുപോലെ
ചുറ്റും റബ്ബര്‍ക്കാടു വന്ന കാലം.
അഞ്ചുമലപ്പാറ കാണുവാനും
പാറമേലേറിയിരിക്കുവാനും
സഞ്ചാരിമാര്‍ വന്ന നല്ല കാലം.
പാറ പൊട്ടിക്കാന്‍ തമിരുമായി
വന്നവര്‍ തോറ്റു മറിഞ്ഞ കാലം.

പാറയ്ക്കിതൊക്കെയുമോര്‍മ്മയുണ്ട്
പാറ മേലാണ്ടവന്‍ വാഴുന്നുണ്ട്
നാടിന്‍ നടുക്കു തലയുയര്ത്തി
നാട്ടാരുകാണ്‍കെ യെന്നെന്നുമെന്നും
നില്‍പ്പാണ ജയ്യനാം നാട്ടുദൈവം
അഞ്ചുമലപ്പാറ നാട്ടുദൈവം

--

No comments:

Post a Comment