Friday, December 2, 2011

Poem by S.Salim Kumar. Kurumpakara

വേനല്‍ക്കണ്ടം

രാവിലെ മൂടല്‍മഞ്ഞാണെട്ടാവും മണി വെയി
ലെത്തു വാന്‍, സദാ സ്വപ്നമല്ലാതെ പണിയൊന്നു
മില്ലെനിക്കിതിനിടെ കടങ്ങള്‍ കടന്നേറി
നേര്‍വഴികളെയൊക്കെ വളഞ്ഞ വഴിയാക്കി.
ജ്ഞാനത്തില്‍ സമുന്നതന്‍ ചങ്ങാതിയൊരുത്തനെന്‍
സര്‍വ്വപാപവും കാലാകാലങ്ങള്‍ തോറും പൊറു
ത്തെന്നെയും കൂട്ടി തന്‍റെ കൂട്ടത്തില്‍ വസിക്കുവാന്‍.
ആദ്യം ഞാനവന്നൊപ്പം കൂടിയയിരുട്റ
(വാടകയ്ക്കൊരു മുറി) യ്ക്കടുത്ത് കാടിന്‍ ഹൃത്തില്‍
നിന്നുറവെടുത്തെത്തും പാട്ടുകാരനാമൊരു
പാറത്തോടത്തില്‍ നിത്യം നീരാട്ടിനെത്തും കന്യാ
രത്നങ്ങള്‍ (പുലര്‍ക്കണിക്കൊന്നകള്‍ പൂമേനികള്‍)
സ്വര്‍ണ കുംഭങ്ങള്‍ മുഖചന്ദ്രിക മഹാനന്ദ
ലബ്ധിക്കു മറ്റെന്തിനി വേണമെന്‍ കലികാല
മങ്ങനെ കിനാക്കളിലൊഴുകി നടക്കുമ്പോള്‍
എത്തുന്നു മലയുടെ നിറുക പിളര്‍ന്നൊരു
പ്രളയം, അതിന്നൊപ്പം കൂട്ടുകാര്‍ ഗുമസ്തന്മാര്‍
മുടക്കീ പണി, കാര്യം ശമ്പളപരം പുണ്യം
സമരം സമാരാധ്യം തുടരുന്നനിശ്ചിതം.
കടയില്‍ പറ്റേറെയായ്, അങ്ങോട്ടു പോകാതായി.
വേല ചുറ്റലായെന്‍റെ വേല നിത്യവും, മഴ
കൊണ്ടു കൊണ്ടെത്തീ ഗുഹയ്ക്കുള്ളില്‍ ഞാന്‍ ,മഴയാണ്
രാപ്പകല്‍, പുലര്‍ക്കണിക്കൊന്നകള്‍ കാണ്മാനില്ല
തൊണ്ട പൊട്ടിച്ചും കൊണ്ടു കാട്ടു തോടലറുന്നു
നരകമെന്നാണെന്‍റെ സുഹൃത്താം മഹാജ്ഞാനി
വാടകമുറിക്കൊരു പേരു നല്‍കിയതവന്‍
വേറൊരു മുറിയെടുത്തങ്ങോട്ടു മാറ്റീ വാസം.
അവന്‍റെ നിഴല്‍ പോലെ ഞാനുമെത്തുന്നു കൂടെ
പിന്നെയും തുടരുവാന്‍ തെണ്ടലുമലച്ചിലും.
ഒടുവില്‍ നദീതീരത്തെത്തി ഞാന്‍, നിരക്ഷര
സുന്ദരര്‍ മഹാകായര്‍ വസിക്കും കുടില്‍ക്കാട്ടില്‍.
അവിടെ മഹാകായര്‍ ഗുരുവായെന്നെ വരി
ച്ചക്ഷരം പഠിക്കുന്നു നിത്യവും ക്ഷമാഹീനം.
വെള്ളിയാഴ്ചകള്‍ തോറും പള്ളിക്കൂടമോ ശൂന്യം
അന്നാണ് തിയ്യേറ്ററില്‍ സിനിമ മാറും ദിനം.
ആദ്യനാള്‍ പള്ളിക്കൂടം നിറയെയിരുന്നവര്‍
പൂര്‍ണചന്ദ്രനെപ്പോലെന്‍ മനസ്സില്‍ കുളിര്‍ കോരി.
പൌര്‍ണമി കഴിഞ്ഞതും കൃഷ്ണപക്ഷമാ
യിതളോരോന്നായ്ക്കൊഴിഞ്ഞമാവാസിയായപ്പോള്‍ ഹന്ത!
ഗുരുവും കേടാറായ വിളക്കും മാത്രം ബാക്കി.
തുടര്‍ന്നു ഞാനാം ഗുരു (തുടരാതിരിക്കുവാന്‍
പറ്റുമോ) ഭിക്ഷാടനം, സുന്ദരം സുരോചിതം.
അങ്ങനെയെത്തിച്ചേര്‍ന്നു വിസ്തൃതസമാന്തര-
പാഠശാലയില്‍, ദേവകന്യമാര്‍ വിരാജിക്കും
മോഹനവിഹാരത്തി,ലവിടെയനവധി
ഗുരുക്കല്‍ക്കൊപ്പം ഞാനും കളരി നടത്തുന്നു.
ശിഷ്യരാണെങ്കില്‍ നിത്യം ഗുരുവിന്‍ നെഞ്ചത്തല്ലേല്‍
കളരിപ്പുറ,ത്തതില്‍ക്കൂടുതല്‍ പ്രതീക്ഷിക്ക
വയ്യല്ലോ സമാന്തര സുന്ദരവിഹാരത്തില്‍..
അങ്ങനെ ദിനസരി നീങ്ങവേ യഥാകാലം
വരവായ് സുഗന്ധിയാം വസന്തം പൂവമ്പുമായ്‌.
(അമ്പു കൊള്ളാത്തവീരരാരുണ്ടു സമാന്തര
ഗുരുക്കള്‍ തന്‍ കൂട്ടത്തില്‍? ) ഞാനാരു വേറിട്ടവന്‍?
ഞാനെന്‍റെ തനിനിറം കാട്ടുന്നു ഹൈമവതി
യൊത്തു ഞാന്‍ മഹാവനം പൂകുന്നു വാത്സ്യായനന്‍
തന്നൊരു പാഠങ്ങളും പാഠഭേദവും കൊണ്ടു
വസന്തം കെങ്കേമമായ്, നാട്ടിലോ പാട്ടായെല്ലാം .
ഒരു നാള്‍ സമാന്തരസ്വര്‍ഗത്തിന്‍ മഹേന്ദ്ര നു-
മറിഞ്ഞു മഹാവനേ ശിവപാര്‍വതീസംഗം
നടന്ന സമാചാരം സാമാന്യം വിശദമായ്.
കേളികൊട്ടായി, പുറപ്പാടുമായ് (വെളുപ്പിനു
തലയില്‍ മുണ്ടിട്ടു ഞാന്‍ പിന്നെയും പെരുവഴി
പൂകുമ്പോള്‍ ബാബേലിലെ ഗോപുരം തകര്‍ന്നെന്‍റെ
കൂട്ടുകാര്‍ പലവഴി പിരിഞ്ഞു ബഹുഭാഷാ
പ്രസ്ഥാനം തുടങ്ങുന്നു... കാവ്യത്തിന്‍ പ്രളയമായ്.
വീണ്ടും ഞാന്‍ തനിച്ചായി, കൂട്ടിനു നിഴല്‍ മാത്രം..
നിഴല്‍ പിന്നിരുട്ടായി, ഇരുട്ടോ വെളിച്ചമായ്.
വെളിച്ചം വേനല്ക്കാലമായി ഞാന്‍ വെള്ളം കിട്ടാ
തുഴലും മൃഗമായി (പിന്നെയും മൃഗതൃഷ്ണ) .
ഒരു നാള്‍ നോക്കുമ്പോഴുണ്ടുള്ളിലെ കണ്ടം വിണ്ടു
പൊട്ടുകയാണ്‌, മഴ വന്നേക്കുമെന്നെങ്കിലും.
ഋഷിതന്‍ വേഷം കെട്ടല്‍ പിന്നീടുമാകാമല്ലോ
കൈക്കോട്ടുമെടുത്തുഞ്ഞാന്‍ തുടങ്ങി കൃഷിപ്പണി..
വിതയ്ക്കാറാവും വരെ ഇനിയീ വേനല്‍ക്കണ്ടം
കിളച്ചേയടങ്ങു ഞാന്‍, വേനലില്‍ മുഴുകി ഞാന്‍..

Poem by S.Salim Kumar. Kurumpakara

വേനല്‍ക്കണ്ടം

രാവിലെ മൂടല്‍മഞ്ഞാണെട്ടാവും മണി വെയി
ലെത്തു വാന്‍, സദാ സ്വപ്നമല്ലാതെ പണിയൊന്നു
മില്ലെനിക്കിതിനിടെ കടങ്ങള്‍ കടന്നേറി
നേര്‍വഴികളെയൊക്കെ വളഞ്ഞ വഴിയാക്കി.
ജ്ഞാനത്തില്‍ സമുന്നതന്‍ ചങ്ങാതിയൊരുത്തനെന്‍
സര്‍വ്വപാപവും കാലാകാലങ്ങള്‍ തോറും പൊറു
ത്തെന്നെയും കൂട്ടി തന്‍റെ കൂട്ടത്തില്‍ വസിക്കുവാന്‍.
ആദ്യം ഞാനവന്നൊപ്പം കൂടിയയിരുട്റ
(വാടകയ്ക്കൊരു മുറി) യ്ക്കടുത്ത് കാടിന്‍ ഹൃത്തില്‍
നിന്നുറവെടുത്തെത്തും പാട്ടുകാരനാമൊരു
പാറത്തോടത്തില്‍ നിത്യം നീരാട്ടിനെത്തും കന്യാ
രത്നങ്ങള്‍ (പുലര്‍ക്കണിക്കൊന്നകള്‍ പൂമേനികള്‍)
സ്വര്‍ണ കുംഭങ്ങള്‍ മുഖചന്ദ്രിക മഹാനന്ദ
ലബ്ധിക്കു മറ്റെന്തിനി വേണമെന്‍ കലികാല
മങ്ങനെ കിനാക്കളിലൊഴുകി നടക്കുമ്പോള്‍
എത്തുന്നു മലയുടെ നിറുക പിളര്‍ന്നൊരു
പ്രളയം, അതിന്നൊപ്പം കൂട്ടുകാര്‍ ഗുമസ്തന്മാര്‍
മുടക്കീ പണി, കാര്യം ശമ്പളപരം പുണ്യം
സമരം സമാരാധ്യം തുടരുന്നനിശ്ചിതം.
കടയില്‍ പറ്റേറെയായ്, അങ്ങോട്ടു പോകാതായി.
വേല ചുറ്റലായെന്‍റെ വേല നിത്യവും, മഴ
കൊണ്ടു കൊണ്ടെത്തീ ഗുഹയ്ക്കുള്ളില്‍ ഞാന്‍ ,മഴയാണ്
രാപ്പകല്‍, പുലര്‍ക്കണിക്കൊന്നകള്‍ കാണ്മാനില്ല
തൊണ്ട പൊട്ടിച്ചും കൊണ്ടു കാട്ടു തോടലറുന്നു
നരകമെന്നാണെന്‍റെ സുഹൃത്താം മഹാജ്ഞാനി
വാടകമുറിക്കൊരു പേരു നല്‍കിയതവന്‍
വേറൊരു മുറിയെടുത്തങ്ങോട്ടു മാറ്റീ വാസം.
അവന്‍റെ നിഴല്‍ പോലെ ഞാനുമെത്തുന്നു കൂടെ
പിന്നെയും തുടരുവാന്‍ തെണ്ടലുമലച്ചിലും.
ഒടുവില്‍ നദീതീരത്തെത്തി ഞാന്‍, നിരക്ഷര
സുന്ദരര്‍ മഹാകായര്‍ വസിക്കും കുടില്‍ക്കാട്ടില്‍.
അവിടെ മഹാകായര്‍ ഗുരുവായെന്നെ വരി
ച്ചക്ഷരം പഠിക്കുന്നു നിത്യവും ക്ഷമാഹീനം.
വെള്ളിയാഴ്ചകള്‍ തോറും പള്ളിക്കൂടമോ ശൂന്യം
അന്നാണ് തിയ്യേറ്ററില്‍ സിനിമ മാറും ദിനം.
ആദ്യനാള്‍ പള്ളിക്കൂടം നിറയെയിരുന്നവര്‍
പൂര്‍ണചന്ദ്രനെപ്പോലെന്‍ മനസ്സില്‍ കുളിര്‍ കോരി.
പൌര്‍ണമി കഴിഞ്ഞതും കൃഷ്ണപക്ഷമാ
യിതളോരോന്നായ്ക്കൊഴിഞ്ഞമാവാസിയായപ്പോള്‍ ഹന്ത!
ഗുരുവും കേടാറായ വിളക്കും മാത്രം ബാക്കി.
തുടര്‍ന്നു ഞാനാം ഗുരു (തുടരാതിരിക്കുവാന്‍
പറ്റുമോ) ഭിക്ഷാടനം, സുന്ദരം സുരോചിതം.
അങ്ങനെയെത്തിച്ചേര്‍ന്നു വിസ്തൃതസമാന്തര-
പാഠശാലയില്‍, ദേവകന്യമാര്‍ വിരാജിക്കും
മോഹനവിഹാരത്തി,ലവിടെയനവധി
ഗുരുക്കല്‍ക്കൊപ്പം ഞാനും കളരി നടത്തുന്നു.
ശിഷ്യരാണെങ്കില്‍ നിത്യം ഗുരുവിന്‍ നെഞ്ചത്തല്ലേല്‍
കളരിപ്പുറ,ത്തതില്‍ക്കൂടുതല്‍ പ്രതീക്ഷിക്ക
വയ്യല്ലോ സമാന്തര സുന്ദരവിഹാരത്തില്‍..
അങ്ങനെ ദിനസരി നീങ്ങവേ യഥാകാലം
വരവായ് സുഗന്ധിയാം വസന്തം പൂവമ്പുമായ്‌.
(അമ്പു കൊള്ളാത്തവീരരാരുണ്ടു സമാന്തര
ഗുരുക്കള്‍ തന്‍ കൂട്ടത്തില്‍? ) ഞാനാരു വേറിട്ടവന്‍?
ഞാനെന്‍റെ തനിനിറം കാട്ടുന്നു ഹൈമവതി
യൊത്തു ഞാന്‍ മഹാവനം പൂകുന്നു വാത്സ്യായനന്‍
തന്നൊരു പാഠങ്ങളും പാഠഭേദവും കൊണ്ടു
വസന്തം കെങ്കേമമായ്, നാട്ടിലോ പാട്ടായെല്ലാം .
ഒരു നാള്‍ സമാന്തരസ്വര്‍ഗത്തിന്‍ മഹേന്ദ്ര നു-
മറിഞ്ഞു മഹാവനേ ശിവപാര്‍വതീസംഗം
നടന്ന സമാചാരം സാമാന്യം വിശദമായ്.
കേളികൊട്ടായി, പുറപ്പാടുമായ് (വെളുപ്പിനു
തലയില്‍ മുണ്ടിട്ടു ഞാന്‍ പിന്നെയും പെരുവഴി
പൂകുമ്പോള്‍ ബാബേലിലെ ഗോപുരം തകര്‍ന്നെന്‍റെ
കൂട്ടുകാര്‍ പലവഴി പിരിഞ്ഞു ബഹുഭാഷാ
പ്രസ്ഥാനം തുടങ്ങുന്നു... കാവ്യത്തിന്‍ പ്രളയമായ്.
വീണ്ടും ഞാന്‍ തനിച്ചായി, കൂട്ടിനു നിഴല്‍ മാത്രം..
നിഴല്‍ പിന്നിരുട്ടായി, ഇരുട്ടോ വെളിച്ചമായ്.
വെളിച്ചം വേനല്ക്കാലമായി ഞാന്‍ വെള്ളം കിട്ടാ
തുഴലും മൃഗമായി (പിന്നെയും മൃഗതൃഷ്ണ) .
ഒരു നാള്‍ നോക്കുമ്പോഴുണ്ടുള്ളിലെ കണ്ടം വിണ്ടു
പൊട്ടുകയാണ്‌, മഴ വന്നേക്കുമെന്നെങ്കിലും.
ഋഷിതന്‍ വേഷം കെട്ടല്‍ പിന്നീടുമാകാമല്ലോ
കൈക്കോട്ടുമെടുത്തുഞ്ഞാന്‍ തുടങ്ങി കൃഷിപ്പണി..
വിതയ്ക്കാറാവും വരെ ഇനിയീ വേനല്‍ക്കണ്ടം
കിളച്ചേയടങ്ങു ഞാന്‍, വേനലില്‍ മുഴുകി ഞാന്‍..

Saturday, July 16, 2011

മാജിക് ! മാജിക് ::POEM BY S.Salim Kumar


മാജിക്കു കാണിച്ചു കാണിച്ചു
മാജിക്കു പൊളിയുമ്പോള്‍
എങ്ങനെ മാജിക്കു പഠിക്കാം
എന്ന പേരില്‍ കൊച്ചുപുസ്തകം
അച്ചടിച്ചിറക്കുന്നു .
ജനം അത് മേടിച്ചു വായിച്ചു
മാജിക്കു പഠിച്ച് വരുമ്പോഴേക്കും
പുതിയ ട്രിക്കുകള്‍ വരുന്നു.
ബധിര ന്‍റെ കാതും
അന്ധന്റെ കണ്ണും
മൂകന്റെ വായും കെട്ടുന്നു.
രാജതന്ത്രം
പ്രജതന്ത്രം
മഹാമന്ത്രം
പണച്ചാക്ക്
പഴം, പപ്പടം, പിണ്ണാക്ക്
സകലത്തിലും മായം.
പറമ്പുകളില്‍
ജനാധിപത്യത്തിന്റെ വിളവെടുപ്പ് ....
കിളച്ചെടുക്കുന്നത് ആനച്ചേന.
അത് പുഴുങ്ങിത്തിന്ന്‌ അണ്ണാക്കു ചൊറിയുന്ന
ജനത്തിന്റെ വായിലേക്ക്
വിഷക്കള്ള് ഒഴിച്ചു കൊടുത്തിട്ടാണ്
അവന്റെ മുന്‍പില്‍
മാജിക്! മാജിക്!
--

Friday, June 24, 2011

ഭീമന്‍ poem by S.SALIM KUMAR


അവര്‍ പണിയുന്ന നഗരത്തിലവ
രടിമകള്‍ പിതാവധികാരഭീമ
നടക്കി വാഴുന്നു, സകല ലോകവു
മവന്റെ കൊട്ടിനു ചുവടു വയ്ക്കുന്നു.
അവരുടെ ഹൃത്തു മവരുടെ ജീവ
ധമനിയും ദിനചരിതവും, ചോര
വിയര്‍പ്പുകള്‍ വീണു നനഞ്ഞ ഭൂമിയു
മതിന്‍ ഋതുക്കളുമടക്കി വാഴുവോ
നധികാര ഭീമന്‍ നഗരരാക്ഷസന്‍ ..
അസുഖ വിത്തുകളവന്‍ വിതയ്ക്കുന്നു
കലപ്പകള്‍ ജീവനുഴുതു മാറ്റുന്നു.
ശിലാ ഹൃദയത്തില്‍ തരി വെളിച്ചവു
മെഴാതവന്‍ ചാട്ട ചുഴററിയോതുന്നു:
പണി കഴിക്കുക പടകുടീരങ്ങള്‍
പട തുടങ്ങുവാന്‍ സമയമാവുന്നു.
അവനതിഭീമനതിശക്തന്‍ രുദ്രന്‍
അവനു കേഴ്വിയില്ലവനു കാഴ്ചയു
ണ്ടവന്റെ വാഴ്ത്തുകള്‍ ജനമുരയ്ക്കുന്നു..
ശതനിലസൌധമതിന്നറകളില്‍
തല പുകച്ചിരുന്നഹര്‍നിശം ധന
ഗണനകള്‍ ചെയ്‌വൂ ജനസമുച്ചയം ..
അവനു കാണുവാനരങ്ങുകള്‍ തോറും
അണി നിരത്തുന്നു വിശേഷ ദ്രവ്യങ്ങള്‍
അവനല്ലോ ബകന്‍ അവന്‍ തന്നെ ഭീമ
നവനില്ല ദയ ,ഹൃദയവുമില്ല.
അവന്നകം പൊള്ള തലയ്ക്കകം ശൂന്യം
അവന്‍ ഭരിക്കുന്നുണ്ടുലകു മൊത്തവും.
അവന്‍ ഞൊടിക്കുമ്പോളടിമകളായി
ജനമഖിലവുമവന്നൊപ്പം പോകും.
അവനൊരിക്കലും പിരിയില്ല നമ്മെ
അവനെ നമ്മളും പിരിയില്ല, ധന
പ്പെരുമഴ പെയ്തു നിലമെരിച്ചവ
നുറഞ്ഞു നില്‍ക്കുമ്പോള്‍ തൊഴുതു നട്ടെല്ലു
വളച്ചു നില്‍ക്കുന്നു ജനമഖിലവും.
അവന്‍ ഞൊടിക്കുമ്പോളണുബോംബു വീഴും
ഭുവനഹൃത്തടമഗാധ ഗര്‍ത്തമാ
യനവധി യുഗമമര്‍ന്നിരുന്നിടും..
അവനതിഭീമനതിശക്തന്‍ രുദ്ര
നധികാരസര്‍വ്വ, മവന്നൊരാര്‍ദ്രമാം
മനസ്സു നല്കുവോ നവതരിക്കുവ
തെവിടെ നിന്നാകാം? ധ്രുവസരിത്തിലോ
കിഴക്കു ദിക്കിലോ, പെരുങ്കടലിലെ
ബഡവജ്ജ്വാല തന്നബോധ ഹൃത്തിലോ ?
പറയുക ജ്ഞാനകുലപ്പെരുമാളേ..


written (in 1987) and
posted by
S.SALIMKUMAR
kurumpakara

Wednesday, February 2, 2011

മാജിക്! മാജിക്! (poem by S.SALIMKUMAR

മാജിക്! മാജിക്!
മാജിക്കു കാണിച്ചു കാണിച്ചു
മാജിക്കു പൊളിയുമ്പോള്‍
എങ്ങനെ മാജിക്കു പഠിക്കാം
എന്ന പേരില്‍ കൊച്ചുപുസ്തകം
അച്ചടിച്ചിറക്കുന്നു .
ജനം അത് മേടിച്ചു വായിച്ചു
മാജിക്കു പഠിച്ച് വരുമ്പോഴേക്കും
പുതിയ ട്രിക്കുകള്‍ വരുന്നു.
ബധിരന്‍റെ കാതും
അന്ധന്‍റെ കണ്ണും
മൂകന്‍റെ വായും കെട്ടുന്നു.
രാജതന്ത്രം
പ്രജതന്ത്രം
മഹാമന്ത്രം
പണച്ചാക്ക്
പഴം, പപ്പടം, പിണ്ണാക്ക്
സകലത്തിലും മായം.
പറമ്പുകളില്‍
ജനാധിപത്യത്തിന്റെ വിളവെടുപ്പ്
കിളച്ചെടുക്കുന്നത് ആനച്ചേന.
അത് പുഴുങ്ങിത്തിന്ന്
അണ്ണാ \ക്കു ചൊറിയുന്ന
ജനത്തിന്‍റെ വായിലേക്ക്
വിഷക്ക ള്ള് ഒഴിച്ചു കൊടുക്കുന്നു.
എന്നിട്ടാണ് അവന്‍റെ മുന്‍പില്‍
മാജിക്! മാജിക്!
--

Monday, January 31, 2011

poem of s.salimkumar

അഞ്ചുമലപ്പാറ

അഞ്ചുമലപ്പാറ നല്ല പാറ
ആണ്ടവന്‍ വാഴുന്ന വലിയ പാറ
നില്ക്കുകയാണൊരു വമ്പനാന
കട്ടിക്കറുമ്പനാം കൊമ്പനാന
പഞ്ച ഭൂതങ്ങള്‍ക്കും നാഥനായി
പാറാവു നില്ക്കുകയാണു പാറ ..
തേവരൊടിമറഞ്ഞാനയായി
ആനയനങ്ങാതെ നില്‍പ്പുമായി .

അന്തിക്കുതേവരും തേവിമാരും
പറയറഞ്ഞാടുന്നു പാറ മേലെ
കോലങ്ങലേറ്റിക്കരിമുകിലോ
പടയണി തുള്ളുന്നു പാറമേലെ.
അഞ്ചുമലപ്പാറ ദൈവപ്പാറ
നെഞ്ചകത്തന്‍പു നിറഞ്ഞ പാറ
ഉണ്ടായ നാള്‍ തൊട്ടിതു വരേയ്ക്കും
എന്തെല്ലാം കാഴ്ചകള്‍ കണ്ടു കാണും ?

മാനുഷരില്ലാത്ത പഴയ കാലം
കാടും മൃഗങ്ങളുമായ കാലം
കാടന്മാര്‍ മക്കള്‍ കിഴങ്ങു മാന്തി
പച്ചയ്ക്കുതിന്ന പഴയ കാലം.
കാട്ടുമൃഗങ്ങളെ വേട്ടയാടി
ചുട്ടു ഭുജിച്ചു നടന്ന കാലം
പച്ചില ത്തൂപ്പു പറിച്ചു കെട്ടി
നാണം മറച്ചു മുതിര്‍ന്ന കാലം
കല്ലുകൊണ്ടായുധം തീര്‍ത്ത കാലം.

വില്ലുകൊണ്ടമ്പു തൊടുത്ത കാലം
കോടാലി കൊണ്ട് മരം മുറിച്ചു
വീടുകള്‍ തീര്‍ത്ത പുതിയ കാലം
ആളുകള്‍ ഗോത്രം തിരിഞ്ഞ കാലം
ഗോത്രങ്ങള്‍ തമ്മിലിടഞ്ഞ കാലം
പാറമേല്‍ ത്തേവരിരുന്ന കാലം
കാടു തെളിഞ്ഞു നാടായ കാലം .

തേവര്‍ക്കു നാടു കിടച്ച കാലം
നാട്ടുകാര്‍ തങ്ങളില്‍ത്തച്ച കാലം
പാറ മേലുള്ള കുളം നിറച്ചും
മീനുകള്‍ വന്നു പുളച്ച കാലം
കാലം തികഞ്ഞു പരി ണതിയാല്‍
മീനുകള്‍ പുല്ലായ് കിളിര്ത്തകാലം .

പുറ്റുപിടിച്ച മനസ്സുപോലെ
ചുറ്റും റബ്ബര്‍ക്കാടു വന്ന കാലം.
അഞ്ചുമലപ്പാറ കാണുവാനും
പാറമേലേറിയിരിക്കുവാനും
സഞ്ചാരിമാര്‍ വന്ന നല്ല കാലം.
പാറ പൊട്ടിക്കാന്‍ തമിരുമായി
വന്നവര്‍ തോറ്റു മറിഞ്ഞ കാലം.

പാറയ്ക്കിതൊക്കെയുമോര്‍മ്മയുണ്ട്
പാറ മേലാണ്ടവന്‍ വാഴുന്നുണ്ട്
നാടിന്‍ നടുക്കു തലയുയര്ത്തി
നാട്ടാരുകാണ്‍കെ യെന്നെന്നുമെന്നും
നില്‍പ്പാണ ജയ്യനാം നാട്ടുദൈവം
അഞ്ചുമലപ്പാറ നാട്ടുദൈ
വം

Saturday, January 29, 2011

Anchumalappaara (poem by s.salimkumar)

അഞ്ചുമലപ്പാറ

അഞ്ചുമലപ്പാറ നല്ല പാറ
ആണ്ടവന്‍ വാഴുന്ന വലിയ പാറ
നില്ക്കുകയാണൊരു വമ്പനാന
കട്ടിക്കറുമ്പനാം കൊമ്പനാന
പഞ്ച ഭൂതങ്ങള്‍ക്കും നാഥനായി
പാറാവു നില്ക്കുകയാണു പാറ ..
തേവരൊടിമറഞ്ഞാനയായി
ആനയനങ്ങാതെ നില്‍പ്പുമായി .

അന്തിക്കുതേവരും തേവിമാരും
പറയറഞ്ഞാടുന്നു പാറ മേലെ
കോലങ്ങലേറ്റിക്കരിമുകിലോ
പടയണി തുള്ളുന്നു പാറമേലെ.
അഞ്ചുമലപ്പാറ ദൈവപ്പാറ
നെഞ്ചകത്തന്‍പു നിറഞ്ഞ പാറ
ഉണ്ടായ നാള്‍ തൊട്ടിതു വരേയ്ക്കും
എന്തെല്ലാം കാഴ്ചകള്‍ കണ്ടു കാണും ?

മാനുഷരില്ലാത്ത പഴയ കാലം
കാടും മൃഗങ്ങളുമായ കാലം
കാടന്മാര്‍ മക്കള്‍ കിഴങ്ങു മാന്തി
പച്ചയ്ക്കുതിന്ന പഴയ കാലം.
കാട്ടുമൃഗങ്ങളെ വേട്ടയാടി
ചുട്ടു ഭുജിച്ചു നടന്ന കാലം
പച്ചില ത്തൂപ്പു പറിച്ചു കെട്ടി
നാണം മറച്ചു മുതിര്‍ന്ന കാലം
കല്ലുകൊണ്ടായുധം തീര്‍ത്ത കാലം.

വില്ലുകൊണ്ടമ്പു തൊടുത്ത കാലം
കോടാലി കൊണ്ട് മരം മുറിച്ചു
വീടുകള്‍ തീര്‍ത്ത പുതിയ കാലം
ആളുകള്‍ ഗോത്രം തിരിഞ്ഞ കാലം
ഗോത്രങ്ങള്‍ തമ്മിലിടഞ്ഞ കാലം
പാറമേല്‍ ത്തേവരിരുന്ന കാലം
കാടു തെളിഞ്ഞു നാടായ കാലം .

തേവര്‍ക്കു നാടു കിടച്ച കാലം
നാട്ടുകാര്‍ തങ്ങളില്‍ത്തച്ച കാലം
പാറ മേലുള്ള കുളം നിറച്ചും
മീനുകള്‍ വന്നു പുളച്ച കാലം
കാലം തികഞ്ഞു പരി ണതിയാല്‍
മീനുകള്‍ പുല്ലായ് കിളിര്ത്തകാലം .

പുറ്റുപിടിച്ച മനസ്സുപോലെ
ചുറ്റും റബ്ബര്‍ക്കാടു വന്ന കാലം.
അഞ്ചുമലപ്പാറ കാണുവാനും
പാറമേലേറിയിരിക്കുവാനും
സഞ്ചാരിമാര്‍ വന്ന നല്ല കാലം.
പാറ പൊട്ടിക്കാന്‍ തമിരുമായി
വന്നവര്‍ തോറ്റു മറിഞ്ഞ കാലം.

പാറയ്ക്കിതൊക്കെയുമോര്‍മ്മയുണ്ട്
പാറ മേലാണ്ടവന്‍ വാഴുന്നുണ്ട്
നാടിന്‍ നടുക്കു തലയുയര്ത്തി
നാട്ടാരുകാണ്‍കെ യെന്നെന്നുമെന്നും
നില്‍പ്പാണ ജയ്യനാം നാട്ടുദൈവം
അഞ്ചുമലപ്പാറ നാട്ടുദൈവം

--